പ്രാർത്ഥനകളും ദിക്റുകളും
43 درسًا • افتح أي سؤال لقراءة الإجابة
1ചോദ്യം 1: ദിക്ർ ചൊല്ലുന്നതിൻ്റെ ശ്രേഷ്ഠത വിവരിക്കുക.
ഉത്തരം: നബി ﷺ പറഞ്ഞിരിക്കുന്നു: "തൻ്റെ റബ്ബിനെ സ്മരിക്കുന്നവൻ്റെയും തൻ്റെ റബ്ബിനെ സ്മരിക്കാത്തവൻ്റെയും ഉദാഹരണം ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉദാഹരണമാണ്." (ബുഖാരി)
കാരണം അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ തോതനുസരിച്ചാണ് ഒരാളുടെ മഹത്വവും മൂല്യവും വർദ്ധിക്കുന്നത്.
2ചോദ്യം 2: ദിക്ർ ചൊല്ലുന്നതിൻ്റെ ചില ഉപകാരങ്ങൾ വിവരിക്കുക.
ഉത്തരം: 1- അത് റഹ്മാനായ അല്ലാഹുവിന് തൃപ്തികരമായ കാര്യമാണ്.
2- ദിക്ർ പിശാചിനെ അകറ്റുന്നതാണ്.
3- ഉപദ്രവങ്ങളിൽ നിന്ന് തടുക്കുന്നതാണ്.
4- മഹത്തരമായ പ്രതിഫലവും പുണ്യവും ലഭിക്കാൻ കാരണമാണ്.
3ചോദ്യം 3: ഏറ്റവും മഹത്തരമായ ദിക്ർ ഏതാണ്?
ഉത്തരം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നറിയിക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റാണ് ഏറ്റവും ശ്രേഷ്ഠതയുള്ള ദിക്ർ. (തിർമിദി, ഇബ്നു മാജഃ)
4ചോദ്യം 4: ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "നമ്മെ മരിപ്പിച്ചതിനുശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാകുന്നു പുനരുത്ഥാനം." (ബുഖാരി, മുസ്ലിം)
5ചോദ്യം 5: വസ്ത്രം ധരിച്ചാൽ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "ഈ വസ്ത്രം എന്നെ ഉടുപ്പിക്കുകയും എനിക്കിത് എൻ്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ സ്തുതിയും..." (അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)
6ചോദ്യം 6: വസ്ത്രം ഊരിവെക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ) (തിർമിദി)
7ചോദ്യം 7: പുതിയ വസ്ത്രം ധരിച്ചാൽ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "അല്ലാഹുവേ, നിനക്കാണ് സർവ സ്തുതിയും. നീയാണ് എന്നെയിത് ഉടുപ്പിച്ചത്. ഇതിൻ്റെ നന്മ ഞാൻ നിന്നോട് ചോദിക്കുന്നു. ഇത് ഏതൊരു നന്മക്ക് വേണ്ടി നിർമിക്കപ്പെട്ടുവോ ആ നന്മയിൽ നിന്നും ഞാൻ ചോദിക്കുന്നു. ഇതിൻ്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. ഇത് ഏതൊരു തിന്മക്ക് വേണ്ടി നിർമിക്കപ്പെട്ടുവോ ആ തിന്മയിൽ നിന്നും ഞാൻ രക്ഷ തേടുന്നു." (അബൂദാവൂദ്, തിർമിദി)
84. പുതുവസ്ത്രം ധരിച്ചയാൾക്കു വേണ്ടിയുള്ള പ്രാർത്ഥന എങ്ങനെയാണ്?
ഉത്തരം: മറ്റൊരാൾ പുതിയ വസ്ത്രം ധരിച്ചതായി കണ്ടാൽ നീ അയാൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇപ്രകാരമാണ് അത്: "ഇത് ദ്രവിക്കുകയും അല്ലാഹു പകരം നൽകുകയും ചെയ്യുമാറാകട്ടെ" (അഥവാ ദ്രവിച്ചുപോകുന്നതുവരെ ദീർഘകാലം ധരിക്കാൻ അല്ലാഹു ആയുസ് നൽകട്ടെ. ശേഷം അല്ലാഹു പകരം വേറെ വസ്ത്രം നൽകട്ടെ.) (അബൂദാവൂദ്)
9ചോദ്യം 9: വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഏതാണ്?
ഉത്തരം: അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. (ബുഖാരി, മുസ്ലിം)
10ചോദ്യം 10: വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വരുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്താണ്?
ഉത്തരം: "അല്ലാഹുവേ! നിൻ്റെ പൊറുക്കലിനെ ഞാൻ ചോദിക്കുന്നു." (അബൂദാവൂദ്, തിർമിദി)
11ചോദ്യം 11: വുദൂഅ് എടുക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ) (അബൂദാവൂദ്)
12ചോദ്യം 12: വുദൂഇനു ശേഷമുള്ള ദിക്ർ എന്താണ്?
ഉത്തരം: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(ﷺ) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." (മുസ്ലിം)
13ചോദ്യം 13: വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള ദിക്ർ എന്താണ്?
ഉത്തരം: "അല്ലാഹുവിൻ്റെ നാമത്തിൽ, അല്ലാഹുവിൽ ഞാൻ ഭരമേല്പിച്ചിരിക്കുന്നു, അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല." (അബൂദാവൂദ്, തിർമിദി)
14ചോദ്യം 14: വീട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദിക്ർ എന്താണ്?
ഉത്തരം: "അല്ലാഹുവിൻ്റെ നാമത്തിൽ നാം കയറുകയും അല്ലാഹുവിൻ്റെ നാമത്തിൽ നാം പുറത്തിറങ്ങുകയും, നമ്മുടെ റബ്ബായ അല്ലാഹുവിൻ്റെ മേൽ നാം ഭരമേല്പിക്കുകയും ചെയ്തിരിക്കുന്നു. (ശേഷം വീട്ടുകാരോട് സലാം പറയുക.)" (അബൂദാവൂദ്)
15ചോദ്യം 15: മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: "അല്ലാഹുവേ! നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ നീ എനിക്കായി തുറന്നു തരേണമേ!" (മുസ്ലിം)
16ചോദ്യം 16: മസ്ജിദിൽ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാർത്ഥന എന്താണ്?
ഉത്തരം: "അല്ലാഹുവേ! നിൻ്റെ ഔദാര്യത്തിൽ നിന്ന് ഞാൻ നിന്നോട് തേടുന്നു." (മുസ്ലിം)
17ചോദ്യം 17: ബാങ്ക് വിളി കേൾക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: ബാങ്ക് വിളിക്കുന്ന വ്യക്തി പറയുന്നതു പോലെ പറയണം. 'ഹയ്യ അലസ്സ്വലാഹ്', 'ഹയ്യ അലൽ ഫലാഹ്' എന്നിങ്ങനെ പറയുമ്പോൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം. (ബുഖാരി, മുസ്ലിം)
18ചോദ്യം 18: ബാങ്ക് വിളി കഴിഞ്ഞതിന് ശേഷം എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: നബി -ﷺ- ക്ക് മേൽ സ്വലാത്ത് ചൊല്ലുക. (മുസ്ലിം) ശേഷം ഇപ്രകാരം പറയുക: "ഈ പരിപൂർണമായ വിളിയുടെയും, നിർവഹിക്കാൻ പോകുന്ന നിസ്കാരത്തിൻ്റെയും റബ്ബായ അല്ലാഹുവേ! മുഹമ്മദ് നബിﷺക്ക് നീ വസീലത് നൽകേണമേ. ശ്രേഷ്ഠതയും നൽകേണമേ. അവിടുത്തേക്ക് വാഗ്ദാനം നൽകിയ മഖാമുൻ മഹ്മൂദിൽ (സ്തുത്യർഹമായ സ്ഥാനത്ത്) നീ മുഹമ്മദ് നബിﷺയെ നിയോഗിക്കേണമേ!" (സ്വർഗ്ഗത്തിലെ ഉന്നതമായ ഒരു സ്ഥാനമാണ് 'വസീല') (ബുഖാരി)
ബാങ്കിനും ഇഖാമത്തിനും ഇടയിൽ പ്രാർത്ഥിക്കാം; ഈ സമയത്തുള്ള പ്രാർത്ഥന തള്ളപ്പെടുന്നതല്ല.
19ചോദ്യം 19: രാവിലെയും വൈകുന്നേരവും നീ ചൊല്ലേണ്ട ദിക്റുകൾ ഏതെല്ലാമാണ്?
ഉത്തരം: 1- ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക. "അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവൻ്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവനറിയുന്നു. അവൻ്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവൻ്റെ കുർസിയ്യ് (പാദപീഠം) ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ." (ബഖറ: 255) 2- ശേഷം സൂറതുൽ ഇഖ്'ലാസ് പാരായണം ചെയ്യുക. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു സർവ്വരുടെയും ആശ്രയമായ, എന്നാൽ സ്വയം നിരാശ്രയനായ (സ്വമദ്) ആകുന്നു. അവൻ (ആർക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും ഇത് മൂന്നു തവണ പാരായണം ചെയ്യണം. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും. കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽ നിന്നും. അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും. ഇത് മൂന്നു തവണ പാരായണം ചെയ്യണം. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ആരാധ്യനോട്. ദുർബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയിൽ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവർ. മനുഷ്യരിലും ജിന്നുകളിലും പെട്ടവർ. ഇത് മൂന്നു തവണ പാരായണം ചെയ്യണം. 3- "അല്ലാഹുവേ! നീയാണ് എൻ്റെ റബ്ബ്! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ പടച്ചത്. ഞാൻ നിൻ്റെ അടിമയാണ്. ഞാൻ എനിക്ക് സാധിക്കുന്നത്രയും നിന്നോടുള്ള കരാറിലും വാഗ്ദാനത്തിലുമാണ്. ഞാൻ ചെയ്തുപോയതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. നീയെനിക്ക് നൽകിയ അനുഗ്രഹങ്ങളെല്ലാം നിന്റെ മുന്നിൽ ഞാനിതാ സമ്മതിക്കുന്നു. എൻ്റെ കുറ്റങ്ങളും ഞാനിതാ സമ്മതിക്കുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരും തന്നെയില്ല." (ബുഖാരി)
20ചോദ്യം 20: ഉറങ്ങുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: "അല്ലാഹുവേ! നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു." (ബുഖാരി, മുസ്ലിം)
21ചോദ്യം 21: ഭക്ഷണം കഴിക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?
ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ)
തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ ഇങ്ങനെ പറയുക:
"ആരംഭത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ." (അബൂദാവൂദ്, തിർമിദി)
22ചോദ്യം 22: ഭക്ഷണം കഴിച്ച ശേഷമുള്ള പ്രാർത്ഥന എന്താണ്?
ഉത്തരം: "എന്നെ ഇത് ഭക്ഷിപ്പിക്കുകയും. എനിക്കിത് എൻ്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ സ്തുതിയും..." (അബൂദാവൂദ്, ഇബ്നു മാജഃ)
23ചോദ്യം 23: വിരുന്നുകാരൻ ആതിഥേയന് വേണ്ടി പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ്?
ഉത്തരം: "അല്ലാഹുവേ! അവർക്ക് നീ നൽകിയ ഉപജീവനത്തിൽ നീ ബറകത്ത് നൽകേണമേ! അവർക്ക് പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും ചെയ്യേണമേ!" (മുസ്ലിം)
24ചോദ്യം 24: ഒരാൾ തുമ്മിയാൽ പറയേണ്ടത് എന്താണ്?
ഉത്തരം: "അൽഹംദുലില്ലാഹ്."
അത് കേൾക്കുന്ന വ്യക്തി 'യർഹമുകല്ലാഹ്' എന്ന് പറയണം.
അങ്ങനെ പറഞ്ഞാൽ അവനോട് 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹു ബാലകും' എന്ന് പറയണം. (ബുഖാരി)
25ചോദ്യം 25: ഒരു സദസ്സിൽ നിന്ന് എഴുന്നേൽക്കുമ്പോൾ പറയേണ്ട കഫ്ഫാറതുൽ മജ്'ലിസ് എന്ന പ്രാർത്ഥന എങ്ങനെയാണ്?
ഉത്തരം: "അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, നിന്നെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു." (അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)
26ചോദ്യം 26: വാഹനത്തിൽ കയറുമ്പോഴുള്ള പ്രാർത്ഥന എങ്ങനെയാണ്?
ഉത്തരം: "ബിസ്മില്ലാഹ്, അൽഹംദുലില്ലാഹ്, ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല.തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു." അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹുവേ! നിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു. ഞാൻ എന്നോട് തന്നെ അതിക്രമം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ! തീർച്ചയായും നീയല്ലാതെ തെറ്റുകൾ പൊറുക്കുന്നവനായില്ല." (അബൂദാവൂദ്, തിർമിദി)
27ചോദ്യം 27: യാത്രയിലുള്ള പ്രാർത്ഥന എങ്ങനെയാണ്?
ഉത്തരം: അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല.തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു. അല്ലാഹുവേ! ഈ യാത്രയിൽ നന്മയും ധർമ്മനിഷ്ഠയും നിനക്ക് തൃപ്തികരമായ പ്രവർത്തനവും ഞങ്ങൾ നിന്നോട് തേടുന്നു. അല്ലാഹുവേ! ഞങ്ങളുടെ യാത്ര ഞങ്ങൾക്ക് ലളിതമാക്കണമേ! അതിൻ്റെ ദൂരം ഞങ്ങൾക്ക് കുറച്ചു തരികയും ചെയ്യേണമേ! അല്ലാഹുവേ! നീയാകുന്നു യാത്രയിലെ ഞങ്ങളുടെ സഹചാരിയും, ഞങ്ങളുടെ ഉറ്റവരിൽ ഞങ്ങൾ വിട്ടേച്ചു പോകുന്നവനും. അല്ലാഹുവേ! യാത്രയുടെ ക്ലേശത്തിൽ നിന്നും, പ്രയാസകരമായ കാഴ്ച്ചയിൽ നിന്നും, സമ്പത്തിലും കുടുംബത്തിലും മോശം പര്യവസാനം ഉണ്ടാകുന്നതിൽ നിന്നും ഞങ്ങൾ നിന്നോട് രക്ഷ ചോദിക്കുന്നു."
മടക്കയാത്രയിൽ ഇതുതന്നെ ചൊല്ലുകയും ഒപ്പം ഇങ്ങനെയും പറയുകയും ചെയ്യുക.
"(ഞങ്ങൾ) മടങ്ങിപ്പോകുന്നവരും, ഖേദിച്ചുമടങ്ങുകയും ഞങ്ങളുടെ റബ്ബിനെ ആരാധിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്നവരാകുന്നു." (മുസ്ലിം)
28ചോദ്യം 28: യാത്ര പോകുമ്പോൾ നാട്ടിൽ നിൽക്കുന്നവരോട് എന്തു പറയണം?
ഉത്തരം: "നിങ്ങളെ ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു. ഏതൊരുവനെ ഏൽപിക്കുന്ന കാര്യങ്ങൾ പാഴായിപ്പോവുകയില്ലയോ ആ അല്ലാഹുവിനെ." (തിർമിദി, ഇബ്നു മാജഃ)
29ചോദ്യം 29: യാത്ര പോകുന്നവനെ യാത്രയയക്കുമ്പോൾ പറയേണ്ടത് എന്താണ്?
ഉത്തരം: "താങ്കളുടെ ദീനും, വിശ്വാസ്യതയും, പ്രവർത്തനങ്ങളുടെയെല്ലാം പരിണിതിയും ഞാൻ അല്ലാഹുവിനെ ഏൽപിക്കുന്നു." (അഹ്മദ്, തിർമിദി)
30ചോദ്യം 30: അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനുമാകുന്നു. അവൻ്റെ കൈയിലാകുന്നു നന്മ. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു." (തിർമിദി, ഇബ്നു മാജഃ)
31ചോദ്യം 31: ദേഷ്യം പിടിക്കുമ്പോഴുള്ള പ്രാർത്ഥന എന്താണ്?
ഉത്തരം: ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു. (ബുഖാരി, മുസ്ലിം)
32ചോദ്യം 32: ഉപകാരം ചെയ്തുതന്നവർക്കുവേണ്ടിയുള്ള ദുആ എങ്ങനെയാണ്?
ഉത്തരം: അല്ലാഹു താങ്കൾക്ക് നന്മ പ്രതിഫലം നൽകട്ടെ. (തിർമിദി)
33ചോദ്യം 33: ഒരാളുടെ വാഹനം തകരാറിലായാൽ എന്തു പറയണം?
ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ) (അബൂദാവൂദ്)
34ചോദ്യം 34: നിനക്ക് സന്തോഷകരമായ ഒരു കാര്യം സംഭവിച്ചാൽ എന്തു പറയണം?
ഉത്തരം: അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവൻ്റെ അനുഗ്രഹം കൊണ്ടാകുന്നു സൽക്കർമങ്ങൾ പൂർണ്ണമാവുന്നത്. (ഹാകിം)
35ചോദ്യം 35: നിനക്ക് വെറുപ്പുള്ള എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യണം?
ഉത്തരം: എല്ലാ അവസ്ഥകളിലും സ്തുതികൾ മുഴുവനും അല്ലാഹുവിനാകുന്നു (സ്വഹീഹുൽ ജാമിഅ്)
36ചോദ്യം 36: സലാം പറയുകയും മടക്കുകയും ചെയ്യേണ്ട രൂപം എങ്ങനെയാണ്?
ഉത്തരം: ഓരോ മുസ്ലിമും മറ്റൊരു മുസ്ലിമിനെ കണ്ടുമുട്ടിയാൽ ഇപ്രകാരം പറയണം: "അസ്സലാമു അലൈകും വറഹ്മതുല്ലാഹി വ ബറകാതുഹ്."
അപ്പോൾ ഇത് കേട്ട വ്യക്തി പറയണം: "വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹ്." (തിർമിദി, അബൂദാവൂദ്)
37ചോദ്യം 37: മഴ പെയ്യുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: അല്ലാഹുവേ! ഉപകാരപ്രദമായ മഴ നൽകേണമേ! (ബുഖാരി)
38ചോദ്യം 38: മഴ പെയ്തു കഴിഞ്ഞാൽ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: അല്ലാഹുവിൻ്റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു. (ബുഖാരി, മുസ്ലിം)
39ചോദ്യം 39: കാറ്റു വീശുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?
ഉത്തരം: "അല്ലാഹുവേ! നിന്നോട് ഞാൻ ഇതിൻ്റെ നന്മയെ ചോദിക്കുന്നു. ഇതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുകയും ചെയ്യുന്നു." (അബൂദാവൂദ്, ഇബ്നു മാജഃ)
40ചോദ്യം 40: ഇടിവെട്ടുന്നത് കേട്ടാൽ എന്താണ് പ്രാർത്ഥിക്കേണ്ടത്?
ഉത്തരം: "ഇടിനാദം അവനെ (അല്ലാഹുവിനെ) സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. അവനെ ഭയപ്പെട്ടുകൊണ്ട് മലക്കുകളും. അങ്ങനെയുള്ളവൻ എത്ര പരിശുദ്ധൻ!" (മുവത്വ / ഇമാം മാലിക്)
41ചോദ്യം 41: പ്രയാസത്തിൽ അകപ്പെട്ട ഒരാളെ കണ്ടാൽ എന്തു പ്രാർത്ഥിക്കണം?
ഉത്തരം: "അല്ലാഹുവിനാകുന്നു സർവസ്തുതിയും! നിന്നെ പരീക്ഷിച്ച കാര്യത്തിൽ നിന്ന് എനിക്ക് സൗഖ്യമേകുകയും, അവൻ സൃഷ്ടിച്ച ധാരാളം സൃഷ്ടികൾക്കുമേൽ എനിക്ക് ശ്രേഷ്ഠത നൽകുകയും ചെയ്ത അല്ലാഹുവിന്!" (തിർമിദി)
42ചോദ്യം 42: തൻ്റെ കണ്ണേറ് ആർക്കെങ്കിലും ബാധിക്കുമെന്ന് ഭയപ്പെട്ടാൽ എന്തു പ്രാർത്ഥിക്കണം?
ഉത്തരം: നബി -ﷺ- പറഞ്ഞിട്ടുണ്ട്: "നിങ്ങളിലാരെങ്കിലും തൻ്റെ സഹോദരനിലോ അവൻ്റെ ശരീരത്തിലോ സമ്പത്തിലോ ആശ്ചര്യപ്പെടുത്തുന്ന വല്ല കാര്യവും കണ്ടാൽ അവന് ബറകത് ലഭിക്കാനായി പ്രാർത്ഥിക്കുക. കാരണം കണ്ണേറ് സത്യമാണ്." (അഹ്മദ്, ഇബ്നു മാജഃ)
43ചോദ്യം 43: എങ്ങനെയാണ് നബി -ﷺ- ക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്?
ഉത്തരം: അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിച്ചതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു. (ബുഖാരി, മുസ്ലിം)